ലോകായുക്ത വിവാദം: മന്ത്രിസഭയില്‍ നടന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിച്ചില്ല; സിപിഐ മന്ത്രിമാരെ അതൃപ്തി അറിയിച്ച് കാനം

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തെ കുറിച്ച് മന്ത്രിസഭയില്‍ നടന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാത്തതില്‍ സിപിഐ മന്ത്രിമാരെ കാനം അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത നിയമ ഭേദഗതിയെ കുറിച്ച് കാര്യമായ ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിയമഭേദഗതി എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തില്ലെന്നതാണ് വിമര്‍ശനവുമായി കാനം രംഗത്തെത്താന്‍ കാരണം.

അതേസമയം, യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ എന്നിവയില്‍ വിശദീകരണം വേണമെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചിട്ടുണ്ട്.

സുപ്രീംകോടതിയില്‍ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാന്‍ കഴിയുക.