കെ-റെയില്‍: പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാവുമെന്നത് ശുഭാപ്തി വിശ്വാസം മാത്രമല്ലെന്ന് കേരളം

ന്യൂഡല്‍ഹി: കെ-റെയിലില്‍ ഹ്രസ്വദൂര ട്രെയിന്‍ യാത്രക്കാരെ കൂട്ടാതെ തന്നെ പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാവുമെന്ന കണക്ക് ശുഭാപ്തി വിശ്വാസം മാത്രമല്ലെന്ന് കേന്ദ്രത്തിന് വിശദീകരണം നല്‍കി കേരളം. ഒരു ലക്ഷം യാത്രക്കാര്‍ കേരളത്തില്‍ പ്രതിദിനം അതിവേഗ തീവണ്ടിയില്‍ യാത്ര ചെയ്യാനുണ്ടാവും എന്നത് ഡിഎംആര്‍സിയുടെ പഠനത്തില്‍ പറയുന്നുണ്ടെന്നും പക്ഷേ 79,000 പേരെ മാത്രമേ പ്രൊജ്ക്ട് റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നൂള്ളൂവെന്നും കേരളം വിശദീകരിച്ചു.

ഭാരിച്ച ചിലവ് കാരണമാണ് അതിവേഗ തീവണ്ടിപാത എന്നതില്‍ നിന്ന് അര്‍ധ അതിവേഗ തീവണ്ടി എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് സംസ്ഥാനം വ്യക്തമാക്കുന്നു. സെമി ഹൈ സ്പീഡില്‍ കിലോമീറ്ററിന് 120 കോടി മതിയാവുമെന്നാണ് കേരളത്തിന്റെ വിശദീകരണം. എന്നാല്‍, പദ്ധതി വൈകിയാല്‍ ചിലവ് കൂടിയേക്കാമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. 69000 കോടി രൂപയ്ക്ക് പദ്ധതി തീര്‍ക്കാനാവുമോ എന്ന കേന്ദ്രത്തിന്റെ ചോദ്യത്തിന് ഒരോ വര്‍ഷം വൈകും തോറും അഞ്ച് ശതമാനം നിര്‍മ്മാണ ചിലവ് കൂടും എന്നാണ് സംസ്ഥാനം മറുപടി നല്‍കുന്നത്. എന്നാല്‍, 2026-ല്‍ മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കാനാവൂ എന്നും, പദ്ധതിയില്‍ അധികചിലവുണ്ടായാല്‍ അത് സംസ്ഥാനം വഹിക്കുമെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കെ-റെയിലില്‍ റെയില്‍വേ മന്ത്രാലയം 2150 കോടി രൂപ പദ്ധതിയില്‍ നിക്ഷേപിക്കണമെന്നും റെയില്‍വേയുടെ അംഗീകാരവും പിന്തുണയും ലഭിച്ചാല്‍ വായ്പ നല്‍കുന്ന ഏജന്‍സികള്‍ക്ക് അതു കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും കേരളം അഭിപ്രായപ്പെടുന്നു. പദ്ധതിക്കായി ആകെ 33,700 കോടി രൂപ വായ്പയെടുക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി 18,992 കോടി വായ്പ നല്‍കും. എഡിബിയില്‍ നിന്നും 7533 കോടി രൂപയും വായ്പയായി എടുക്കും. ഇതിന് കേന്ദ്രസര്‍ക്കാര്‍ സമിതി ഏതാണ്ട് അംഗീകാരം നല്‍കിയെന്നും സംസ്ഥാനം വിശദീകരിക്കുന്നു. കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ കെ റെയിലിലേക്ക് പോയാല്‍ റെയില്‍വേ നഷ്ടത്തിലാക്കുമോ എന്ന സംശയം റെയില്‍വേ മന്ത്രാലയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം സംശയം അസ്ഥാനത്ത് ആണെന്നും നിലവില്‍ തന്നെ സംസ്ഥാനത്ത് ഓടുന്ന തീവണ്ടികള്‍ക്കെല്ലാം നീണ്ട വെയിറ്റിംഗ് ലിസ്റ്റുണ്ടെന്നും കേരളം മറുപടി നല്‍കുന്നു.