ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണവിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പട്ടികവർഗ വിഭാഗത്തിന്റെ പ്രതിനിധ്യം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് അളവുകോൽ നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. സ്ഥാനക്കയറ്റ സംവരണത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്നും, കോടതിയുടെ തീർപ്പുണ്ടാകാത്ത സാഹചര്യത്തിൽ 2500 ഓളം നിയമനങ്ങൾ മരവിച്ചിരിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുപ്രീം കോടതിയോട് പറഞ്ഞിരുന്നു.
അതേസമയം പട്ടിക വിഭാഗങ്ങളുടെ പ്രതിനിധ്യവുമായി ബന്ധപ്പെട്ട കണക്കെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് നാഗരാജ് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സുപ്രിംകോടതി പറയുന്നത്. ഡേറ്റ ശേഖരിക്കുമ്പോൾ ജീവനക്കാരുടെ സർവീസ് കാലമല്ല, കേഡറാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

