തിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് രണ്ടു ദിവസത്തിനകം തുക നൽകാൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി ചീഫ് സെക്രട്ടറി. ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് തുക വിതരണം ചെയ്യണമെന്നാണ് നിർദ്ദേശം. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
36000 അപേക്ഷകളാണ് നിലവിൽ ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്. അതേസമയം കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്. 3794 കുട്ടികളെയാണ് ഇതുവരെ ധനസഹായത്തിന് അർഹരായി കണ്ടെത്തിയത്.
കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. ജില്ലാ കളക്ടർ മുഖേന കുട്ടികളുടെ വെരിഫിക്കേഷൻ നടത്തി പി.എം.കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം വിതരണം ചെയ്യുക. 101 കുട്ടികളുടെ വേരിഫിക്കേഷൻ ജില്ലാ കളക്ടർമാർ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

