ന്യൂഡൽഹി: വാക്‌സിനേഷൻ ഡ്രൈവിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പു നൽകി ഐക്യരാഷ്ട്രസഭ. ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവിന് നൽകുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ ഡ്രൈവ് എന്നാണ് ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെ ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് നൽകിയ വിശേഷണം.
രാജ്യത്ത് 60 കോടിയോളം ജനങ്ങൾക്ക് വാക്‌സിൻ എത്തിച്ചുവെന്നും അദ്ദേഹം വിശദമാക്കി. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ കോർഡിനേറ്റർ ഷോംബി ഷാർപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർവൈലൻസ് ശക്തിപ്പെടുത്തുക, പ്രതിരോധ ഘടകങ്ങൾ നീരീക്ഷിക്കുക, ലാബ് കപ്പാസിറ്റി ത്വരിതപ്പെടുത്തുക, കൂടുതൽ പ്രതിരോധ സംവിധാന ആശയങ്ങൾ വികസിപ്പിക്കുക, ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുക, ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക എന്നീ കാര്യങ്ങളിൽ ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്ന സംഘം ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കും. 1.3 ദശലക്ഷം ആരോഗ്യ പ്രവർത്തകർക്ക് റിസ്‌ക് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് ഇതിനോടകം പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

