പത്മ പുരസ്‌കാരം നിരസിച്ച് സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ

ന്യൂഡൽഹി:: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പത്മ പുരസ്‌കാരം നിരസിച്ചു. ബുദ്ധദേബ് ഭട്ടാചാര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

പുരസ്‌കാരത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല. പത്മഭൂഷൺ പുരസ്‌കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താൻ നിരസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബുദ്ധദേബ് ഭട്ടാചാര്യയെ വിളിച്ചിരുന്നു എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. സുഖമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഭാര്യയാണ് സംസാരിച്ചതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പുരസ്‌ക്കാരത്തെക്കുറിച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പുരസ്‌കാരം നിരസിക്കുന്നതായി കുടുംബത്തിലെ ആരെങ്കിലും അറിയിച്ചിട്ടില്ലെന്നും കേന്ദ്ര വൃത്തങ്ങൾ വിശദമാക്കി.

128 പത്മപുരസ്‌കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചത്. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്കാണ് ഇത്തവണ പദ്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും ഉൾപ്പെടെ 17 പേർക്ക് പദ്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായത്. കേരളത്തിൽ നിന്നും നാലു പേർക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോൻ ചുണ്ടിയിൽ, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവർക്കാണ് കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.