ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്; രാഷ്ട്രപതി

ന്യൂഡൽഹി: ജനങ്ങൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊർജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെ സ്മരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് മഹാമാരി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നിശബ്ദമാക്കിയേക്കാം. എന്നാൽ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാൻ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തിൽ നമുക്ക് ഓർമ്മിക്കാം.

രണ്ട് വർഷത്തിലേറെയായി മനുഷ്യരാശി കോവിഡ് വൈറസുമായി പോരാടുകയാണ്. ഇപ്പോൾ നേരിടുന്നത് പോലെ ഒരു പ്രതിസന്ധി കാലഘട്ടം ലോകത്തിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ല. ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തിൽ ലോക സമ്പദ് വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിട്ടത്. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സൈനികരെ രാഷ്ട്രപതി പ്രശംസിക്കുകയും ചെയ്തു. നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തിൽ നിന്ന് അകന്ന് അവർ മാതൃരാജ്യത്തിന് കാവൽ തുടരുന്നു. അതിർത്തികൾ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് രാജ്യത്തെ പൗരന്മാർ സമാധാന ജീവിതം ആസ്വദിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധീരനായ ഒരു സൈനികൻ ഡ്യൂട്ടിക്കിടെ വീരമൃത്യു വരിക്കുമ്പോൾ രാജ്യം മുഴുവൻ ദുഃഖത്തിലാകുന്നു. കഴിഞ്ഞ മാസം, നിർഭാഗ്യകരമായ ഒരു അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.