തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തയ്യാറെടുത്ത് രാജ്യം. ഇന്ത്യയിൽ തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുന്നതിന് വ്യവസായത്തിന് ഒരു ഇക്കോസിസ്റ്റം സുഗമമാക്കുന്ന നയം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിളിന്റെ ആൻഡ്രോയിഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി ഇന്ത്യയിൽ തദ്ദേശീയമായി സൃഷ്ടിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആവിഷ്‌ക്കരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ആപ്പിൾ, ലാവ, ഫോക്‌സ്‌കോൺ, ഡിക്‌സൺ തുടങ്ങിയവ ഉൾപ്പെടുന്ന വ്യവസായ സ്ഥാപനമായ ഐസിഇഎ തയ്യാറാക്കിയ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സംബന്ധിച്ച വിഷൻ ഡോക്യുമെന്റിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐടി മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു.

ലോകത്തിലെ മൊബൈൽ മേഖലയെ നിയന്ത്രിക്കുന്നത് ഗൂഗിളിന്റെ ആൻഡ്രോയിഡും ആപ്പിളിന്റെ ഐഒഎസുമാണ്. മൂന്നാമതൊരു മൊബൈൽ ഹാൻഡ്‌സെറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കന്നതിന് കേന്ദ്ര സർക്കാരിന് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനു കഴിവുള്ള സ്ഥാപനങ്ങളുമായി സർക്കാർ ചർച്ചകളും നടത്തുന്നുണ്ട്. തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) വികസിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകളേയും സഹകരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിൻ ഒരു ഇന്ത്യൻ ബ്രാൻഡിന് വളരാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. നമുക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ നമ്മൾ എന്താണ് നേടേണ്ടത് അപ്പോൾ എല്ലാ നയങ്ങളും പ്രവർത്തനങ്ങളും അതിനോട് പൊരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.