ലോകയുക്തയ്ക്ക് കടിഞ്ഞാണിടാൻ നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ലോകയുക്തയ്ക്ക് കടിഞ്ഞാണിടാൻ നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ. ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമ്മാണം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ലോകായുക്ത വിധി തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. നിലവിൽ ഗവർണറുടെ പരിഗണനയിലാണ് ഓർഡിനൻസ്. ഗവർണർ ഇതിന് അംഗീകാരം നൽകിയാൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും. ഇതോടെ ലോകായുക്ത പേരിന് മാത്രമായി മാറും.

ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്തയാകാൻ കഴിയുക.

2020 ഡിസംബറിലാണ് ലോകായുക്ത ഭേദഗതി ചർച്ചകൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കെയാണ് നിയമ ഭേദഗതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിലുള്ളത് ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതിയാണ്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി തുടങ്ങിയവയാമ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസുകൾ. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബിന്ദുവിനെതിരെ ലോകായുക്തയിൽ പരാതിയുള്ളത്.