തിരുവനന്തപുരം: ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ അധികാരം അപ്രസക്തമാവുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ഇതിലും നല്ലത് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകായുക്ത പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. ഇത് തന്നെയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി കേസുകള്‍ക്ക് വിധി കല്‍പ്പിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്ത് കളയുകയാണ്. ലോകായുക്തക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമാക്കി. അങ്ങനെ വന്നാല്‍ മൂന്ന് മാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയര്‍ ചെയ്ത് തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതിലൂടെ ലോകായുക്തക്ക് ഇനിമുതല്‍ അഴിമതി ആരോപണങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നിരിക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉണ്ടായാല്‍ ലോകായുക്ത നടപടിയെടുക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് കേരളത്തിലെ മുഖ്യമന്ത്രി ഈ ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഇതില്‍ ഗവര്‍ണര്‍ ഒപ്പ് ഇടരുതെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹരായവര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ടതും മറ്റൊന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ പരാതിയും ഇന്ന് ലോകായുക്തയുടെ പരിഗണനയിലുണ്ട്. ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആവശ്യപ്പെട്ടത് കര്‍ണാടക മോഡലില്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്യണമെന്നാണ്. അന്ന് സി.പി.എമ്മും ഇത് ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിനു മുന്‍പ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തില്‍ അതുണ്ടാവാത്തത് സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

