സയിദ് മോദി കിരീടം സ്വന്തമാക്കി പി.വി സിന്ധു

2022-ലെ സയിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്നു നടന്ന ഫൈനലില്‍ മഹാരാഷ്ട്ര സ്വദേശിയായ മാള്‍വിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ച് വിജയം കരസ്ഥമാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി. വി സിന്ധു. രണ്ടു തവണ ഒളിമ്ബിക് മെഡല്‍ ജേതാവായ സിന്ധുവിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ഘട്ടത്തില്‍പ്പോലും മാള്‍വികയ്ക്കായില്ല.

21-13, 21-16 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ഉത്തര്‍പ്രദേശിലെ ബാബു ബന്‍സാരി ദാസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 28 മിനിറ്റുകള്‍ കൊണ്ടു സിന്ധു മത്സരം അവസാനിപ്പിച്ചു കിരീടം ചൂടി. 2021-ല്‍ മികച്ച ജയങ്ങള്‍ നേടാനാവാതെ പോയ സിന്ധുവിന് 2022-ല്‍ കിരീട നേട്ടത്തോടെ തുടങ്ങാനായി.