ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നീട്ടി നൽകരുതെന്ന് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് പറയുന്നു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സർക്കാർ കൂടുതൽ സമയം തേടുന്നത്. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ഇതിനിടെയാണ് ദിലീപ് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അദ്ദേഹം വിചാരണ ഒഴിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ അപേക്ഷ നൽകിയതെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ സർക്കാർ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സർക്കാർ കൂടുതൽ സമയം തേടുന്നതെന്നും ദിലീപ് പറയുന്നു. വിചാരണ കോടതി ജഡ്ജിയാണ് സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെടേണ്ടത്. എന്നാൽ വിചാരണ കോടതി ജഡ്ജി അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ സംവിധാകയാകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലെന്നും ദിലീപ് ആരോപിക്കുന്നു.

