മീടു ആരോപണം ; ചരൺജിത്ത് സിങ്ങ് ഛന്നിക്കെതിരെ ഗുരുതര ആരോപണവുമായി അമരീന്ദർ സിംഗ്

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. മീടു ആരോപണം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛന്നി കാലുപിടിച്ചെന്ന് അമരീന്ദർ സിങ്ങ് ആരോപിച്ചു.

2018 ൽ ചരൺജിത്ത് സിങ്ങ് ഛന്നിക്കെതിരെ ഉയർന്ന മീടു ആരോപണത്തെ കുറിച്ചാണ് അമരീന്ദർ സിങ്ങിന്റെ പരാമർശം. ഛന്നിക്കെതിരെ ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥയാണ് രംഗത്തെത്തിയിരുന്നത്. വിഷയത്തിൽ ഛന്നി മാപ്പ് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങ് ഛന്നിക്ക് അനൂകൂല നിലപാടായിരുന്നു സ്വീകരിച്ചത്. പ്രശ്‌നം പരിഹരിക്കണമെന്ന് ആഭ്യർത്ഥിച്ച ഛന്നി തന്റെ കാല് പിടിച്ചെന്നും പിന്നീട് താൻ ഇടപെട്ട് വിഷയങ്ങൾ പരിഹരിച്ചെന്നുമാണ് അമരീന്ദർ സിങ്ങിന്റെ പുതിയ വെളിപ്പെടുത്തൽ. ജീവിതകാലം മുഴുവൻ തന്നോട് നന്ദികാണിക്കുമെന്ന് പറഞ്ഞ ചരൺജിത്ത് സിങ്ങ് ഛന്നി പിന്നീട് തനിക്കെതിരെ പ്രവർത്തിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അതേസമയം അമരീന്ദറിന്റെ പുതിയ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ ഛന്നി ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ തനിക്കെതിരായ വ്യാജപ്രചാരണത്തിൽ അരവിന്ദ് കെജരിവാളിനെതിരെ കേസ് നൽകുമെന്ന് ചരൺജിത്ത് സിങ്ങ് ഛന്നി അറിയിച്ചിരുന്നു. നോട്ട് കെട്ടുകളുമായി നിൽക്കുന്ന ചരൺ ജിത് സിംഗ് ഛന്നിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിനാണ് അരവിന്ദ് കെജ്രിവാളിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഛന്നി തയ്യാറെടുക്കുന്നത്.