ന്യൂഡൽഹി: കോവിൻ പോർട്ടലിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എല്ലാ ഉപയോക്താക്കളുടേയും വിവരങ്ങൾ കോവിൻ പോർട്ടലിൽ സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ വിശദമാക്കി. കോവിൻ പോർട്ടലിൽ നിന്നും ഡാറ്റ ചോരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ മേൽവിലാസമോ ആർടിപിസിആർ പരിശോധന ഫലങ്ങളോ ചോരുന്നില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്‌സിൻ വിതരണത്തിനായി ആരംഭിച്ച പോർട്ടലിൽ എവിടേയും പയോക്താക്കളുടെ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കപ്പെടുന്നില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
അതേസമയം കോവിൻ പോർട്ടലിൽ ഒരു നമ്പറിൽ നിന്നുള്ള വാക്‌സിൻ ബുക്കിംഗ് പരിധി കേന്ദ്ര സർക്കാർ ഉയർത്തി. ഇപ്പോൾ ഒരു നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് വരെ രജിസ്റ്റർ ചെയ്യാൻ കഴിയും.

