തിരുവനന്തപുരം: പോലീസിന്റെ ഭാഗമാകാൻ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കർമ്മസേനയെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രത്യേക സംഘം കേരള പോലീസിൽ രൂപീകരിക്കാനാണ് തീരുമാനം. ഡിജിപി അനിൽകാന്ത് പദ്ധതിയുടെ വിശദ രേഖ തയ്യാറാക്കും. പ്രത്യേകസംഘത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനവും യൂണിഫോമും നൽകും. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാനാണ് ഡിജിപി അനിൽ കാന്തിന് ആഭ്യന്തര സെക്രട്ടറി നൽകിയിരിക്കുന്ന നിർദ്ദേശം.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും കുടുംബശ്രീ അംഗങ്ങൾ പ്രവർത്തിക്കുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും പോലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും വേണ്ടിയാണ് പുതിയ നടപടി.
ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണമെന്നാണ് നിർദ്ദേശം. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. സമൂഹത്തിന്റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെ ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്.

