സൂര്യാഘാതം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

സംസ്ഥാനത്ത് ചൂട് വർധിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് ക്രമീതീതമായി ഉയർന്നാൽ സൂര്യാഘാതത്തിന് സാധ്യതയുണ്ട്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയിൽ ഉള്ള മാറ്റങ്ങൾ എന്നിവയോടൊപ്പം ചിലപ്പോൾ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്. അതെ സമയം സൂര്യതപം ഉണ്ടാകുന്നവരിൽ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും , അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്.

സൂര്യാഘാതം, സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കണം. ഫാൻ, എസി അല്ലെങ്കിൽ വിശറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും ചെയ്യുക. ഫലങ്ങളും പച്ചക്കറികളും കഴിക്കാൻ നൽകുന്നതും ഉത്തമമാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ സഹായം തേടണം.

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കാനും ശ്രദ്ധിക്കണം. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുതുന്നതും ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതും സൂര്യാഘാതത്തെ പ്രതിരോധിക്കാൻ സഹായിക്കും.

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.