കണ്ണൂർ: യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം വി ഗോവിന്ദൻ. കോൺഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും അദ്ദേഹം വിമർശിച്ചു. കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ പ്രതിഷേധവുമായി എത്തിയവരെ പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. റിജിൽ മാക്കുറ്റി അടക്കുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മാദ്ധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ജയ്ഹിന്ദ് ടി വി റിപ്പോർട്ടർ, ഡ്രൈവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാർ പ്രതിഷേധം നടത്തുന്നുണ്ട്. അങ്കമാലി ഏളവൂർ ത്രിവേണിയിൽ കല്ലിടാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. തുടർന്ന് ഇവിടെ സംഘർഷമുണ്ടായി. പോലീസ് 15 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

