ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ

ലഖ്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിൽ 2017 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ചത് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അമിത് ഷാ ആയിരുന്നു. അന്ന് 300 ൽ അധികം സീറ്റുകളാണ് ബിജെപി നേടിയത്. 403 സീറ്റുകളാണ് ഉത്തർപ്രദേശ് നിയമസഭയിലുള്ളത്.

തീവ്ര ഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിന്റെ പങ്കാളിത്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ അയോദ്ധ്യയിൽ നിന്ന് മത്സരിക്കാനുള്ള യോഗിയുടെ നീക്കത്തിനെ പാർട്ടി ഹൈക്കമാന്റ് തടഞ്ഞും ഇതിന്റെ ഭാഗമായാണെന്ന് റിപ്പോർട്ടുകൾ. പിന്നാക്ക സമുദായങ്ങളെ ഒന്നിപ്പിച്ചു നിർത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒബിസി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ ഇത്തവണ പിന്നാക്ക സമുദായ വോട്ടുകളിൽ വലിയ വിള്ളൽ വീഴാൻ സാധ്യതയുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി 107 സ്ഥാനാർത്ഥികളുടെ പേര് ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 57 സ്ഥാനാർത്ഥികളെയും രണ്ടാം ഘട്ടത്തിലെ 48 സ്ഥാനാർത്ഥികളെയുമാണ് ബിജെപി പ്രഖ്യാപിച്ചത്.