ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിന്റെ കാരണം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ കുടുങ്ങി ഭൂപ്രദേശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താഴ്വരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ പ്രവേശിച്ചതാണ് അപകടം ഉണ്ടായത്. ഇത് പൈലറ്റിനെ സ്പേഷ്യൽ ഡിസോറിയന്റേഷനിലേക്ക് നയിക്കുകയും ഹെലികോപ്റ്റർ ഇടിച്ചിറങ്ങാൻ കാരണമാകുകയും ചെയ്തുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ തുടങ്ങിയവയെല്ലാം അന്വേഷണ സംഘം വിശകലനം ചെയ്തിരുന്നു. മെക്കാനിക്കൽ തകരാർ, അട്ടിമറി അല്ലെങ്കിൽ അശ്രദ്ധ എന്നിവ അപകട കാരണമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന്റെ കാരണം കണ്ടെത്താൻ ലഭ്യമായ എല്ലാ സാക്ഷികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ്അന്വേഷണം നടന്നത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഡിസംബർ എട്ടിനാണ് അപകടം ഉണ്ടായത്.
സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. കോയമ്പത്തൂർ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോകുകയായിരുന്നു ബിപിൻ റാവത്തും സംഘവും.

