സിൽവർ ലൈൻ പദ്ധതി; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹർജിയിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല കെ റെയിൽ പദ്ധതി നടത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.

കെ റെയിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയെ ഇരുട്ടത്തു നിർത്തരുത്. പദ്ധതിക്കു കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നു കെ റെയിൽ അഭിഭാഷകൻ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കും വേണ്ടി ഒരു അഭിഭാഷകൻ ഹാജരാകുന്നത് ശരിയല്ല. രണ്ടു കക്ഷികൾക്കും ഈ കേസിൽ ഭിന്നതാൽപര്യമുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.

നിയമപ്രകാരം മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂ. വേഗത്തിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ നിയമ ലംഘനം ഉണ്ടാകരുത്. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ല. സർവേ നിയമപ്രകാരം പദ്ധതിക്കായി സർവേ നടത്തുന്നതിനു കോടതി എതിരല്ല. എന്നാൽ കല്ലിടലിന്റെ പേരിൽ വലിയ കോൺക്രീറ്റ് തൂണുകൾ പാടില്ല. നിയമപ്രകാരമുള്ള കല്ലുകൾ മാത്രമേ പാടുള്ളൂവെന്നും കോടതി നിർദ്ദേശിച്ചു. കെ റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.