തിരുവനന്തപുരം: ശബ്ദ സാമ്പിള്‍ പരിശോധനക്ക് വിധേയന്റെ സമ്മതം വേണ്ടെന്ന് ഉത്തരവുമായി ഹൈക്കോടതി ജസ്റ്റിസ് ആര്‍.നാരായണ പിഷാരടി. അന്വേഷണ ഏജന്‍സി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും അന്വേഷണ രീതികളും സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് ആലുവ മജിസ്ട്രേട്ട് കോടതിയില്‍ ജനുവരി 10 ന് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ദിലീപിന്റെ ശബ്ദ സാമ്പിള്‍ എടുക്കാനിരിക്കെയാണ് ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിക്കുന്നത്.
തൃശൂര്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലെ രണ്ടാം പ്രതിയായ ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയര്‍ മഹേഷ് ലാല്‍ സമര്‍പ്പിച്ച കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് കോടതി ഉത്തരവ്. ഒന്നാം പ്രതിയായ കരാറുകാരന്‍ ഓവര്‍സിയറെയും ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് സര്‍ട്ടിഫിക്കറ്റ് നേടാന്‍ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയും, 2021 ഫെബ്രുവരി 16 ന് വൈകിട്ട് 5 മണിക്ക് തൃശൂര്‍ കേച്ചേരി ശങ്കര ഷോപ്പിങ് കോംപ്ലക്സിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് ഒന്നാം പ്രതി പരാതിക്കാരനില്‍ നിന്നും 25,000 രൂപ വാങ്ങിയതിനാണ് വിജിലന്‍സ് കേസ്.
ശബ്ദ സാമ്പിളുകള്‍ എടുക്കാന്‍ തൃക്കാക്കര ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ 2021 ജൂലൈ 27 ന് രാവിലെ 9 മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി രണ്ടാം പ്രതിയായ ഓവര്‍സിയര്‍ക്ക് നോട്ടീസയച്ചു. ഈ നോട്ടീസ് റദ്ദാക്കണമെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിചാരണക്കോടതി ഉത്തരവെന്നും കാണിച്ച് ഓവര്‍സിയര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയും കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കരുത്തു പകരുന്ന വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ് കോടതി ഇപ്പോള്‍.

