‘കൊതപാതക രാഷ്ട്രീയം കെഎസ്‌യുവിന്റെ ശൈലി അല്ല’; എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ടീയം കെഎസ് യുവിന്റെ ശൈലിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഇരയായവരില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചുമകന് എന്റെ ആദരാഞ്ജലികള്‍. ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.

കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഇരയായവര്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കെഎസ്യു പ്രവര്‍ത്തകര്‍ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെഎസ്യു പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യാത്തത്. ഞാന്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സമയത്തും അതിന് മുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമരഹിത മാര്‍ഗങ്ങള്‍ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാട് തുടരുന്നതുകൊണ്ടാണ് കെഎസ്യു പ്രവര്‍ത്തകര്‍ തിരിച്ച് അക്രമങ്ങള്‍ അഴിച്ചു വിടാത്തത്. മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്.

ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ സിപിഎമ്മും എസ്എഫ്‌ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചു വിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സിപിഎമ്മിന്റെ തനിനിറം തുറന്ന് കാട്ടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടികള്‍ നിങ്ങള്‍ക്ക് പിഴുതെറിയാം. എന്നാല്‍, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തില്‍നിന്ന് പിഴുതെറിയാന്‍ കാത്തിരിക്കുകയാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്.