2000 കോടിയുടെ ആദി ശങ്കര പ്രതിമ നിര്‍മിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപാല്‍: 2000 കോടിയുടെ ആദി ശങ്കര പ്രതിമ നിര്‍മിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ആചാര്യ ശങ്കര എക്ത ന്യാസ് ട്രസ്റ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. 108 അടി ഉയരമുള്ള പ്രതിമയും അതിനോട് ചേര്‍ന്ന് ശങ്കരാചാര്യരുടെ മ്യൂസിയവും നിര്‍മിക്കാനാണ് പദ്ധതി.

ഓംകാരേശ്വരിലെ 7.5 ഹെക്ടര്‍ ഭൂമിയിലാകും 54 അടി ഉയരമുള്ള തട്ടില്‍ 108 അടി ഉയരത്തിലുള്ള ‘ഏകാത്മത പ്രതിമ’ (സ്റ്റാച്യു ഓഫ് വണ്‍നെസ്) നിര്‍മിക്കുക. മ്യൂസിയവും പ്രതിമയും ഒരേ സ്തലത്താണ് സ്ഥിതി ചെയ്യുക. നര്‍മദ തീരത്തോടു ചേര്‍ന്ന് 5 ഹെക്ടര്‍ പ്രദേശത്ത് ഒരു ഗുരുകുലവും 10 ഹെക്ടറില്‍ ആചാര്യ ശങ്കര ഇന്റര്‍നാഷണല്‍ അദ്വൈത വേദാന്ത സന്‍സ്താനും സ്ഥാപിക്കും.

എന്നാല്‍, സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതത്തിലും മേലെയാണ് നിലവില്‍ സംസ്ഥാനത്തിന്റെ കടബാധ്യത. അതിനാല്‍ ബജറ്റില്‍ പണം അനുവദിച്ചതിനു ശേഷം മാത്രമേ ഇതില്‍ ചര്‍ച്ച നടത്തേണ്ടതുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രതികരിച്ചു.