അഹമ്മദാബാദ്: ഐപിഎല്‍ 2022 സീസണില്‍ അഹമ്മദാബാദ് ടീമിന്റെ നായകനായി മുംബൈ ഇന്ത്യന്‍സ് മുന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ എത്തിയേക്കുമെന്ന് സൂചന. പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റ നേരത്തെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സഹപരിശീലകനായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളെയാണ് മുംബൈ നിലനിര്‍ത്തിയത്. അതേസമയം, താരലേലത്തില്‍ നിലനിര്‍ത്താതെ കൈവിട്ട ചില കളിക്കാരെ തിരിച്ചു പിടിക്കുമെന്ന് മുംബൈ ടീം ഡയറക്ടറായ സഹീര്‍ ഖാന് വ്യക്തമാക്കിയിരുന്നെങ്കിലും ഹാര്‍ദ്ദിക് ഇനി മുംബൈ ടീമിലേക്ക് തിരിച്ചു പോകില്ലെന്നാണ് സൂചന. കെ.എല്‍ രാഹുല്‍ നായകനാകുമെന്ന് കരുതുന്ന ലഖ്നൗ ടീമിലേക്കാവും ഹാര്‍ദ്ദിക് കൂടുമാറുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
പക്ഷേ, സ്വന്തം സംസ്ഥാനത്തെ ടീമിന്റെ നായക പദവി ഹാര്‍ദ്ദിക് ഉപേക്ഷിക്കില്ലെന്നാണ് കരുതുന്നത്. ബാറ്റിംഗില്‍ സമീപ കാലത്ത് മോശം ഫോമിലുള്ള ഹാര്‍ദ്ദിക് പരിക്കിനെത്തുടര്‍ന്ന് പന്തെറിയാത്തത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

