തലസ്ഥാനത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം നോക്കുകുത്തിയോ?

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ആസ്ഥാനത്ത് ബഹുനില പാര്‍ക്കിങ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് 2020 ഒക്ടോബര്‍ 5 നായിരുന്നു. എന്നാല്‍, 5.64 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും ഒന്നരക്കോടി രൂപ കൂടിവേണം.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം കോര്‍പറേഷന്‍ ആസ്ഥാനം, പുത്തരിക്കണ്ടം, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പണിയാനാണ് കോര്‍പറേഷന്‍ പദ്ധതി തയാറാക്കിയത്. ഇതിനായി പൊതു മേഖലാ സ്ഥാപനമായ കിറ്റ്‌കോയെ കോര്‍പറേഷന്‍ കണ്‍സല്‍റ്റന്റായി നിയോഗിച്ചു. കിറ്റ്‌കോയുടെ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്ര നിര്‍മാണത്തിനു ചെലവ് 5.64 കോടി രൂപയായിരുന്നു. എന്നാല്‍, ഈ തുകക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് ബോധ്യമായതിനാല്‍ 6.13 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി. പക്ഷേ 6.13 കോടിക്കും പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാകില്ലെന്ന് ഉറപ്പായതോടെ, 6.71 കോടിക്ക് പണി ഏകദേശം പൂര്‍ത്തീകരിച്ചപ്പോള്‍ മിന്നല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചാല്‍ മാത്രമേ നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കൂ എന്നായി.

നാലര ലക്ഷം രൂപ മുടക്കി മിന്നല്‍ പ്രതിരോധ സംവിധാനം സജ്ജീകരിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അനുമതി തേടിയിരിക്കുകയാണിപ്പോള്‍. നിലവില്‍ കോര്‍പറേഷന്‍ ആസ്ഥാനത്തിനു മുന്നിലും പിന്നിലുമായി 3 കവാടങ്ങള്‍ ഉണ്ടായിരിക്കെ, മള്‍ട്ടി ലവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തിലേക്കു വാഹനങ്ങള്‍ക്കു പോകാനായി പ്രത്യേക കവാടവും എട്ട് ലക്ഷം മുടക്കി നിര്‍മിച്ചു.