കെഎസ്‌യു മുൻകൈയെടുത്ത് എസ്എഫ്ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രമില്ല; കെ സുധാകരൻ

മലപ്പുറം: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ. കെഎസ്‌യു മുൻകൈയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ കോൺഗ്രസോ കെ.എസ്.യുവോ ന്യായീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.യുവിന്റെ ഭാഗത്തു നിന്നുള്ള കൊലപാതമാണെങ്കിൽ അതിനെ അപലപിക്കും. ഇടുക്കിയിൽ രാജേന്ദ്രന്റെ വിഭാഗവും മണിയുടെ വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. അതിലെ നിജസ്ഥിതി മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

എത്രയോ കെ.എസ്.യു. കുട്ടികളുടെ രക്തസാക്ഷിത്വം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാർഥി രാഷ്ട്രീയത്തിൽ എത്ര വിദ്യാർഥികളുടെ രക്തസാക്ഷിത്വമുണ്ടെന്ന് പരിശോധിച്ചാൽ മഹാഭൂരിപക്ഷവും കെ.എസ്.യുക്കാരാണ്. എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ.എസ്.യുവിന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐയുടെ പുറത്തുനിന്നുള്ള ഗുണ്ടകൾ, ചുമട്ടുകാർ അടക്കം കയറി കെ.എസ്.യുവിന്റെ കുട്ടികളെ മർദ്ദിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം എന്തുകൊണ്ട് നടന്നുവെന്നും എങ്ങനെ നടന്നുവെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.