മലപ്പുറം: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഐഎം നിലപാടിൽ പ്രതികരണവുമായി മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ. സിപിഎമ്മിന്റെ നിലപാട് കോൺഗ്രസ് വിരോധം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നിലപാട് ബിജെപിക്ക് വഴിയൊരുക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്ധമായ കോൺഗ്രസ് വിരോധമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. സിപിഎം ബിജെപിക്കെതിരെ അനുയോജ്യമായ സഖ്യമുണ്ടാക്കുന്നതിന് പകരം നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തു. കോൺഗ്രസിനെ മുൻനിർത്തി എല്ലാ പാർട്ടികളും ബിജെപിക്കെതിരെ വരുന്നതിനെ എതിർക്കുന്ന നിലപാടാണിതെന്നും തീരുമാനം പ്രതിപക്ഷത്തിന്റെ യോജിപ്പിനെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ കമ്മ്യൂണിസ്റ്റ് നിലപാട് സ്വീകരിച്ചുവെന്നു പറയുന്നത് തെറ്റാണെന്നും ഇടി മുഹമ്മദ് ബഷീർ അറിയിച്ചു. അബ്ദു സമദ് പൂക്കോട്ടൂരിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

