ഒടിടിയിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ഈ മാസം 21 മുതല്‍ ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം നടത്തുക.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മൂന്ന് വിഭാഗങ്ങളില്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. മികച്ച ചിത്രം. തിരക്കഥാകൃത്ത്, ശബ്ദരൂപകല്പ്പന എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങള്‍.
‘ജപ്പാനില്‍ നിന്നു തന്നെയുള്ള ചില ഫിലിം ഏജന്റ്സ് ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നുണ്ടായിരുന്നു. പ്രാദേശിയ ഫിലിം ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നവരെയൊക്കെ അവര്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാവാം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് സിനിമയെക്കുറിച്ച് റെഫറന്‍സ് കിട്ടുന്നത്. അങ്ങനെയൊരു റെഫറന്‍സ് വഴിയാണ് ഒരു ക്യുറേറ്റര്‍ വഴി ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന് കിട്ടുന്നത്. ഇതെല്ലാം പരസ്പരം കണക്റ്റഡ് ആണ്’, നിര്‍മ്മാതാവ് ജോമോന് ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

