ഐഎസ്എല്‍: കേരള കൊമ്പന്മാര്‍ ഒന്നാമത്

ബംബോലിം: ഐഎസ്എല്ലിലെ വാശിയേറിയ മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 10 കളികളില്‍ 17 പോയന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്.

കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു മുന്നില്‍. എന്നാല്‍, പത്താം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റില്‍ കേറാതെ പോയത് നേരിയ വ്യത്യാസത്തിനായിരുന്നു. എഡു ഗാര്‍ഷ്യ എടുത്ത ഫ്രീ കിക്ക് ക്രോസ് ബാറിനെ ഉരുമ്മി പുറത്തുപോയി. തൊട്ടുപിന്നാലെ ഒഗ്‌ബെച്ചെക്ക് അവസരം ലഭിച്ചെങ്കിലും പന്ത് നിയന്ത്രിക്കാന്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തിനായില്ല. 24-ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്തുമായി അഡ്രിയാന്‍ ലൂണ നടത്തിയ മുന്നേറ്റം ഗോളന്നുറപ്പിച്ചതായിരുന്നു. ലൂണ അളന്നുമുറിച്ചു നല്‍കിയ ക്രോസില്‍ ജോര്‍ജെ ഡയസ് തൊടുത്ത ഹെഡ്ഡര്‍ ലക്ഷിമകാന്ത് കട്ടിമണി അവിശ്വസനീയമായി രക്ഷപ്പെടുത്തി. പിന്നാലെ വാസ്‌ക്വസിന്റെ മുന്നേറ്റവും ഹൈദരാബാദ് പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി.

ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെ വാസ്‌ക്വസ് മനോഹരമായൊരു വോളിയിലൂടെ കട്ടിമണിയെ കീഴടക്കി ഹൈദരാബാദ് വല ചലിപ്പിച്ചു. ഒരു ഗോള്‍ വഴങ്ങിയതോടെ ഹൈദരാബാദ് പോരാട്ടം കനപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഗോളിന് അടുത്തെത്തിയെങ്കിലും ഒഗ്ബബെച്ചെക്ക് ഇത്തവണ വല ചലിപ്പിക്കാനായില്ല. രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഹൈദരാബാദ് പൊരുതിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചു നിന്നു. എങ്ങനെയും സമനില ഗോളടിക്കാനുള്ള ഹൈദരാബാദിന്റെ ശ്രമം പലപ്പോഴും പരുക്കനായി. റഫറി കാര്‍ഡെടുത്ത് മടുക്കുന്നതാണ് രണ്ടാം പകുതിയില്‍ കണ്ടത്. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഫ്രീ കിക്ക് വഴങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. സെറ്റ് പീസില്‍ നിന്ന് ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായത് ആശ്വാസമായി.