കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ. സംസ്ഥാനത്തെ ജനങ്ങൾക്ക് ആദ്യം നൽകേണ്ടത് ഭക്ഷണവും പാർപ്പിടവുമാണെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുവേണം ഇങ്ങനെയുള്ള പദ്ധതിയിലേയ്ക്ക് ഇറങ്ങിത്തിരിക്കാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടമെടുത്തുകൊണ്ട് നടപ്പാക്കുന്ന കെ-റെയിൽ വന്നില്ലായെന്ന് കരുതി കേരളത്തിൽ ആരും ചത്തുപോകില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി കൊണ്ട് രാഷ്ട്രീയപാർട്ടികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിനെതിരെയും ശ്രീനിവാസൻ വിമർശനം ഉന്നയിച്ചു. അവരുടെ ഭരണകാലത്തും ഈ പദ്ധതിയെ കുറിച്ച് ചർച്ച നടന്നെന്നാണ് പറയുന്നത്. തങ്ങൾക്ക് ഒന്നും ലഭിക്കാത്തതിനാലാകണം ഇപ്പോൾ പദ്ധതിയെ എതിർക്കുന്നതെന്ന് ശ്രീനിവാസൻ പരിഹസിച്ചു. അട്ടപ്പാടിയിലേയും വയനാട്ടിലെയും ജനങ്ങളുടേയും അവസ്ഥ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. വലിയ തുക കടമെടുത്താണ് ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ പോയാൽ ഭാവി വികസനങ്ങൾക്ക് വായ്പ ലഭിക്കാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

