രാഹുലിന്റെ വിദേശ യാത്രാ വിവാദങ്ങള്‍ അനാവശ്യം; ഉചിത സമയത്ത് പ്രചരണത്തിനെത്തുമെന്ന് കെ.സി വേണുഗോപാല്‍

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചിരിക്കെ പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് തന്നെയാണെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. രാഹുലിന്റെ വിദേശയാത്രയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ഉചിതമായ സമയത്ത് രാഹുല്‍ പ്രചരണത്തിനിറങ്ങുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. ബി.ജെ.പി ഇതര കക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ തുറന്നു കിടക്കുകയാണെങ്കിലും ആര്‍ക്കും കീഴടങ്ങിക്കൊണ്ടുള്ള സഖ്യമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണ്. യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ ശക്തമായ നേതൃത്വം ഉണ്ട്. പഞ്ചാബില്‍ പ്രധാനമന്ത്രിയുെ സന്ദര്‍ശനത്തിലെ സുരക്ഷ വീഴ്ചയെ രാഷ്ട്രീയവത്കരിച്ചത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗോവയിലെ പാഠം ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും കെ.സിവേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.