തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നരെ വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ മാത്രമേ പദ്ധതിയെ എതിര്‍ക്കൂവെന്ന് അദ്ദേഹം പറഞ്ഞു. സര്‍വേ കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടപ്പിലാകുമെന്നും കെ-റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും ജയരാജന്‍ വ്യക്തമാക്കി.
‘പദ്ധതിയെ എതിര്‍ക്കുന്നവര്‍ പഴയ ചിന്താഗതികള്‍ വെച്ചു പുലര്‍ത്തുകയാണ്. ആധുനിക കാലഘട്ടമാണിത്. ലോകം വളരുകയാണ്. അതിനനുസരിച്ച് ചിന്തയും വളരണം. ചിന്തിക്കുന്നവരെല്ലാം ഈ പദ്ധതിക്ക് അനുകൂലമാണ്. വിവരദോഷികളും ദീര്‍ഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യും’- പ്രതിപക്ഷത്തെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

