തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ട്വന്റി 20 പിന്തുണ നൽകുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 പിന്തുണ തന്നാൽ എൻഡിഎ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റി 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
കഴിഞ്ഞ കാലങ്ങളായി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തെ രണ്ട് മണ്ഡലങ്ങളാക്കി മാറ്റിയിരുന്നു. അതിന്റെ ഏറ്റവും താഴെക്കിടയിലുള്ള സംഘടനാ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ച സമയത്താണ് നിർഭാഗ്യവശാൽ പിടി തോമസ് അന്തരിച്ചത്. ഞാൻ ഉൾപ്പെടെയുള്ളവർ ബഹുമാനിക്കുന്ന വ്യക്തിയാണ് പി.ടി തോമസെന്ന് അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ തൃകോണ മത്സരമാണ് നടന്നത്. തൃക്കാക്കരയിൽ കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനമില്ല. പി ടി തോമസിന്റെ ബഹുമാന്യതയ്ക്ക് മുന്നിൽ സിപിഐഎമ്മിന് പറ്റിയ സ്ഥാനാർത്ഥി പോലും തൃക്കാക്കരയിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പി.ടി തോമസിനെതിരെ പരാമർശം നടത്തുന്നത് സിപിഐഎം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

