തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗര പ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വികസനം തടസപ്പെടുത്തുന്നത് ഭാവി തലമുറയോടുള്ള നീതികേടാണ്. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകുന്നത് എതിർത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കിൽ നാടിന്റെ പൊതുവികസനത്തെ അത് ബാധിക്കും. നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കെ റെയിൽ മാത്രമല്ല സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതി. മറ്റുപദ്ധതികളുമുണ്ട്, കെ റെയിൽ ആണ് പ്രധാനപ്പെട്ടത്. സിൽവർ ലൈനുമായി ബന്ധപെട്ട് നിയമസഭയിൽ ചർച്ച ഉണ്ടായില്ലെന്ന് മാദ്ധ്യമങ്ങൾ പറയുന്നു, പക്ഷെ ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരുമായിട്ടാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനപ്പെട്ട കക്ഷി നേതാക്കൾ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണ്. പല ഘട്ടങ്ങളിലും മറുപടി സർക്കാർ പറഞ്ഞിട്ടുണ്ട്, ഈ വിഷയത്തിൽ ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവിൽ നടന്ന കാര്യങ്ങളാണ്. ഇപ്പോൾ ഇല്ലെങ്കിൽ എപ്പോൾ എന്ന് കൂടി ആലോചിക്കണം. പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ട്. നഷ്ടപരിഹാരത്തിന് 13265 കൊടി രൂപയാണ് വേണ്ടി വരിക. സാമൂഹ്യ ആഘാത പഠനത്തിന് അതിർത്തികളിൽ കല്ലിടണം, ആ നടപടി പുരോഗമിക്കുന്നു. സാമൂഹ്യ ആഘാതം പരമാവധി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതി നാടിന് ആവശ്യമാണ് നാടിന്റെ വികസനത്തിൽ താല്പര്യമുള്ള എല്ലാവരും വികസന പദ്ധതിയുമായി സഹകരിക്കണം. പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ല, പ്രകൃതിയെ മറന്ന് ഒരു വികസനവും സർക്കാർ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

