സിൽവർ ലൈനിൽ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നത്; രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ വേണ്ടവിധം കാര്യങ്ങൾ ധരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. സംസ്ഥാനത്തെ ബ്യൂറോക്രസിയും പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് അനുയോജ്യം ആകാശപ്പാതയാണ്. നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. കേന്ദ്രം സിൽവർ ലൈനിന് അനുമതി നൽകുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കെ റെയിൽ പദ്ധതി നടപ്പാക്കാനാവില്ല. സിപിഎമ്മിൽ തന്നെ പലർക്കും പദ്ധതിയോട് എതിർപ്പുണ്ട്. തന്റെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും നാടിന് ആവശ്യമുള്ള പദ്ധതിയെങ്കിൽ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.