കോവാക്സിൻ കുത്തിവെയ്‌പ്പെടുത്ത ശേഷം കുട്ടികൾക്ക് വേദന സംഹാരികൾ നൽകരുത്; നിർദ്ദേശം നൽകി ഭാരത് ബയോടെക്

vaccine

ന്യൂഡൽഹി: കോവാക്സിൻ കുത്തിവെയ്‌പ്പെടുത്ത ശേഷം കൗമാരക്കാരായ കുട്ടികൾക്ക് വേദന സംഹാരികൾ നൽകരുതെന്ന് നിർദ്ദേശിച്ച് ഭാരത് ബയോടെക്. ചില വാക്സിൻ കേന്ദ്രങ്ങളിൽ വേദനസംഹാരികളോ പാരസറ്റമോളോ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭാരത് ബയോടെകിന്റെ പ്രതികരണം.

ചില കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നൽകുന്നതിനോടൊപ്പം പാരസറ്റമോൾ ശുപാർശ ചെയ്തെങ്കിലും കോവാക്സിന്റെ കൂടെ അതാവശ്യമില്ല. 30,000 പേരിൽ, കമ്പനി നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ 10-20 ശതമാനം വരെ പേർക്ക് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒന്നോ, രണ്ടോ ദിവസത്തിനകം മാറുന്നവയാണെന്നും ഫിസിഷ്യൻ ശുപാർശ ചെയ്താൽ മാത്രമേ മരുന്ന് ആവശ്യമുള്ളുവെന്നുമാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.

12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ കഴിഞ്ഞ മാസമാണ് അനുമതി നൽകിയത്. ഇതുവരെ 85 ലക്ഷത്തിലേറെ കുട്ടികളാണ് രാജ്യത്ത് കോവാക്സിൻ സ്വീകരിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.