ഇന്ത്യയുടെ ആദ്യ ഒമിക്രോണ്‍ ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന് ഐസിഎംആറിന്റെ അനുമതി. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സും ഐ.സി.എം.ആറും ചേര്‍ന്നാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. നാലുമണിക്കൂറിനകം ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കിറ്റ് ഉപയോഗിക്കാമെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനായി രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം ശേഖരിച്ച് അതില്‍ ഒമിക്രോണ്‍ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് ഇത് ഉപയോഗിക്കുക. നിലവില്‍ എസ്.ജി.ടി.എഫ്, എസ്.ജി.എം.എ. എന്നീ ടെസ്റ്റുകളാണ് നടത്തുന്നത്. എന്നാല്‍ ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ച് ചേര്‍ത്ത് നടത്തുന്ന ടെസ്റ്റാണ് ഒമിഷുവര്‍. ഇത് നിലവില്‍ വരുന്നതോടെ ജനിതകശ്രേണീകരണം എന്ന ആ ഒരു ഘട്ടം ഒഴിവാക്കാനും ഫലം വേഗത്തില്‍ ലഭിക്കാനുമാകും.
ഒമിഷുവര്‍ ഉപയോഗിക്കുന്നതിനുള്ള സമയം 85 മിനിറ്റ് ആണ്. രോഗിയില്‍ നിന്നുള്ള സാംപിള്‍ ശേഖരണം, ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ തുടങ്ങി ഫലം വരാന്‍ ആകെ 130 മിനിറ്റ് വേണ്ടിവരും. ജനുവരി 12 മുതല്‍ വിപണിയില്‍ കിറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 രൂപയായിരിക്കും വിലയെന്നാണ് സൂചനകള്‍.

