ന്യൂഡൽഹി: സ്‌കൂളുകളിൽ ‘സൂര്യ നമസ്‌കാർ’ പരിപാടി സംഘടിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ എതിർപ്പുമായി മുസ്ലീം സംഘടനകൾ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് സൂര്യ നമസ്‌കാർ സംഘടിപ്പിക്കുന്നത്. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയത്. സൂര്യ നമസ്‌കാരം ഇസ്ലാം അനുവദിക്കുന്നില്ലെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ വാദം.
ഭരണഘടന ഓരോ ഇന്ത്യക്കാരനും അവരുടെ മതം പിന്തുടരാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് ദാറുൽ ഉലൂം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം പരിപാടി സംഘടിപ്പിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. യോഗാസന പരിശീലനത്തിലൂടെ ഫിറ്റ്‌നസ് സംസ്‌കാരം സൃഷ്ടിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ആയുഷ് മന്ത്രാലയത്തിന്റെ നടപടി. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളാണ് ഹൈദരാബാദിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിൽ ‘സൂര്യനമസ്‌കാരം’ എന്ന യോഗാഭ്യാസം ഒരു ദിവസം 13 തവണ വീതം 21 ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നു. പദ്ധതി 2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 20 വരെയാണ് നീണ്ടു നിൽക്കുന്നത്.
അതേസമയം സൂര്യ നമസ്‌കാരം സൂര്യപൂജയുടെ ഒരു രൂപമാണെന്നും ഇത് ഇസ്ലാം അനുവദിക്കുന്നില്ലെന്നുമാണ് മുസ്ലീം സംഘടനകൾ പറയുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങൾ എല്ലാ മതങ്ങളിലും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും എഐഎംപിഎൽബി ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളുകളിൽ സർക്കാർ എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നാൽ ദേശസ്നേഹവുമായി ബന്ധപ്പെട്ട പാട്ടുകളുടെയും സംഗീതത്തിന്റെയും പരിപാടി എല്ലാ മതസ്ഥർക്കും പങ്കെടുക്കാവുന്ന തരത്തിൽ സംഘടിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

