‘പോലീസിന്റെ വീഴ്ചകള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നു; ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി വേണം’: സിപിഎം ഇടുക്കി ജില്ലാ സമ്മേളന പ്രതിനിധികള്‍

കുമളി: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെതിരെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തര വകുപ്പിന് മാത്രമായി ഒരു മന്ത്രി വേണമെന്ന് സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുകയാണ്. ഇത് പരിഹരിക്കണമെങ്കില്‍ ആഭ്യന്തര വകുപ്പിനു മാത്രമായി മന്ത്രി വേണം. സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇക്കൂട്ടരെ കണ്ടെത്തണമെന്നും പോലീസില്‍ അഴിച്ചുപണി വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഒറ്റുകാരെയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും പോലീസ് അസോസിയേഷന് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന ആക്ഷേപവും സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു.

അതേസമയം, പോലിസിന്റെ വീഴ്ചകള്‍ കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനത്തില്‍ തുറന്നു സമ്മതിച്ചു. വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും കോടിയേരി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.