മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുന്നു; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിൽ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖർക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎമ്മും അടിസ്ഥാന വർഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് കെ റെയിൽ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. മോദിയെ വിമർശിക്കുന്ന അതേ ഭാഷയിൽ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമർശിക്കേണ്ടി വരും. കേരളത്തിലേത് ഇടതുപക്ഷമല്ല. തീവ്ര വലതുപക്ഷ നിലപാടിലേക്ക് പോകുകയാണ്. എല്ലാ കാലഘട്ടത്തിലും അടിസ്ഥാന വർഗങ്ങൾക്കു വേണ്ടി മാത്രം സംസാരിച്ചിരുന്ന സിപിഎം അധികാരം കിട്ടിയപ്പോൾ വരേണ്യവർഗത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഞാൻ ഇങ്ങനെയേ ചെയ്യൂ എന്നു പറയുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തെയും രാഷ്ട്രീയ പാർട്ടികളെയും വെല്ലുവിളിക്കുകയാണ്. നാളെ നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട തുടർ സമരം തീരുമാനിക്കും. പാരിസ്ഥിതികമായ ആഘാതം കേരളത്തെ മുഴുവൻ ബാധിക്കും. സ്ഥലവും വീടും നഷ്ടപ്പെടുന്നവർ മാത്രമല്ല, കേരളം ഒന്നാകെയാണ് പദ്ധതിയുടെ ഇരയായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലൂീസിനെതിരെയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. പോലീസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങൾ ഓരോ ജില്ലയിലും താലൂക്കുകളിലും എല്ലാ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്കു തന്നെ പോലീസുമായി ബന്ധപ്പെട്ട് തമാശയായി മാറിയിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ അഹങ്കാരത്തിന് കൈയും കാലും വച്ച ചില നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞാൽ താഴെയുള്ളവർ കേൾക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പഴയ സെൽഭരണത്തിന്റെ പുതിയ രൂപമാണിത്. ഒരു സ്റ്റേഷനിൽ പോലും പരാതിയുമായി സ്ത്രീകൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കേരള ചരിത്രത്തിൽ ഏറ്റവും നാണംകെട്ട അവസ്ഥയിലാണ് പോലീസ് സേന. ഗുണ്ടകളും പൊലീസും വർഗീയവാദികളും അഴിഞ്ഞാടുകയാണ്. ആരെയും നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. സിപിഎം അനുഭാവികൾ സ്റ്റേഷനുകളിലെ റൈട്ടർ പദവി ഏറ്റെടുക്കാത്തതിനാൽ ആർ.എസ്.എസ്സുകാർ ആ സ്ഥാനത്ത് കയറി ഇരിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പൊലീസിൽ സംഘപരിവാറും പാർട്ടിയിൽ എസ്.ഡി.പി.ഐയും നുഴഞ്ഞുകയറിയിരിക്കുകയാണ്. പൊലീസിനെ രാഷ്ട്രീയമായി വേർതിരിക്കാനാണ് പാർട്ടി സെക്രട്ടറി പോലും ശ്രമിക്കുന്നത്. രാഷ്ട്രീയവത്ക്കരിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.