പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍ തോക്കും തിരകളുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ചെന്നൈ: പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍ തോക്കും തിരകളുമായി വിമാനത്താവളത്തില്‍ പിടിയിലായി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

കോയമ്പത്തൂരില്‍ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും തിരകളും കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പറയുകയും, അതിന് സാധിക്കാതെ വന്നതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

എന്നാല്‍, പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങളുടെ വാദം. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി. പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് കെഎസ്ബിഎ തങ്ങള്‍.