ഐഎസ്എല്‍: മുംബൈയുടെ മുനയൊടിച്ച് ഒഡീഷ

ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചു. ഒഡീഷയ്ക്ക് വേണ്ടേി ജെറി മവിഹ്മിങ്തുങയാണ് ഇരട്ട ഗോള്‍ നേടിയത്.

മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ അറിദാല്‍ കാബ്രിയയുടെ ഗോളിലൂടെ ആദ്യ ലീഡ് ഒഡീഷ നേടി. പത്താം മിനുറ്റില്‍ അഹ്മദ് ജഹോഹ് മുംബൈക്ക് വേണ്ടി മറുപടി ഗോള്‍ നേടി. 38ാം മിനുറ്റില്‍ ഇഗോര്‍ അംഗുലോ മുംബൈയുടെ രണ്ടാം ഗോള്‍ നേടി.

ആദ്യ പുകതി അവസാനിച്ചപ്പോള്‍ മുംബൈ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഒഡീഷയുടെ മൂന്ന് ഗോളുകളും. 70ാം മിനിറ്റില്‍ മവിഹ്മിങ്തുങയുടെ ആദ്യ ഗോളിലൂടെ മത്സരം 2-2ന് ഒഡീഷ സമനിലയിലെത്തിച്ചു. 77ാം മിനിറ്റില്‍ മവിഹ്മിങ്തുങയുടെ രണ്ടാം ഗോളില്‍ ഒഡീഷ രണ്ടിനെതിരെ മൂന്ന് ഗോളിന്റെ ലീഡ് നേടി. 89ാം മിനുറ്റില്‍ ജൊനാതസ് ഡി ജീസസ് ഒഡീഷയുടെ നാലാം ഗോളും നേടി. എങ്കിലും, പോയിന്റ് നിലയില്‍ 16 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. 13 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ഒഡീഷ.