കോൺഗ്രസ് തകർന്നാൽ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല; ബിനോയ് വിശ്വം

തിരുവനന്തപുരം: ഇന്ത്യയിൽ കോൺഗ്രസ് തകർന്നാൽ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സിപിഐ എംപി ബിനോയ് വിശ്വം. കോൺഗ്രസ് തകരുന്നിടത്ത് ആർ.എസ്.എസ്. സംഘടനകൾ ഇടംപിടിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പി.ടി. തോമസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ബി.ജെ.പി.-ആർ.എസ്.എസ്. സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് തങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കത്തന്നെ പറയുകയാണ് കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ അവഗണിച്ചു കൊണ്ട് ദേശീയതലത്തിൽ ഒരു ബദൽ ഉണ്ടാക്കാൻ കഴിയില്ലെന്ന സിപിഐയുടെ വിശ്വാസമാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നത്.

സിപിഐയുടെ വിശ്വാസങ്ങൾക്ക് വിപരീതമാണ് സിപിഎമ്മിന്റെ നിലപാടുകൾ. കോൺഗ്രസിന് ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലാവാൻ കഴിയില്ലെന്നും ഇടതുശക്തികൾക്കാണ് അതിന് കഴിയുകയെന്നും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.