ഒമിക്രോൺ; സംസ്ഥാനങ്ങൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

omicron

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കോവിഡ് കേസുകൾ ഉയരുന്ന പക്ഷം അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്നാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.

നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സർക്കാർ-സ്വകാര്യമേഖലയിലെ കോവിഡ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. താത്കാലിക ആശുപത്രികൾ സജ്ജമാക്കണം. ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്ക്കരിക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്. താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ., സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണെന്നും കത്തിൽ പറയുന്നു.

കോവിഡ് പോസിറ്റീവ് കേസുകളിൽ വലിയൊരു ഭാഗത്തെ ഹോം ഐസൊലേഷൻ ചെയ്യേണ്ടി വന്നേക്കാം. ഇവർക്ക് കൃത്യമായ നിരീക്ഷണം മാത്രമല്ല, സ്ഥിതി മോശമാകുന്ന പക്ഷം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വരും. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ നിരീക്ഷിക്കണമെന്നും അത് കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.