ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനും പരിശോധനയും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാനും ഡല്‍ഹി, ഹരിയാണ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്രാ, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (263) റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 252, ഗുജറാത്തില്‍ 97, രാജസ്ഥാനില്‍ 69, കേരളത്തില്‍ 65, തെലങ്കാനയില്‍ 62, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കേസുകള്‍. രാജ്യത്തെ കൊവിഡ് രോഗികള്‍ 24 മണിക്കൂറിനിടെ വര്‍ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മുംബൈയില്‍ ബുധനാഴ്ച 2510 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗം വിളിച്ചുചേര്‍ത്തു.
മുംബൈയില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി ഏഴുവരെ 144 പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലൊന്നും പുതുവത്സര ആഘോഷമോ പാര്‍ട്ടിയോ നടത്താന്‍ അനുവദിക്കില്ല. അതിനിടെ യാതൊരുവിധ യാത്രയും നടത്താത്തവര്‍ക്കും ഡല്‍ഹിയില്‍ രോഗം ബാധിക്കുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്ന് കേന്ദ്ര മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞിരുന്നു.

