ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണികൾ; രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ‘ഇരട്ട ഭീഷണികൾ’ ആണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

കൊവിഡിന്റെ പുതിയ വകഭേദങ്ങൾ മിക്രോൺ, ഡെൽറ്റാ വകഭേദങ്ങൾ മുലം കൊവിഡ് കേസുകൾ വർധിക്കുന്നത് ആരോഗ്യ സംവിധാനത്തെ തന്നെ തകിടം മറിക്കുമെന്ന് ലോകാരോഗ്യ തലവൻ ടെഡ്രോസ് അഥനോം ഗബ്രയേസസ് വ്യക്തമാക്കി. കോവിഡിന്റെ ജനിതക വകഭേദങ്ങൾ പുതിയ കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് എത്തിക്കാൻ കാരണമാകും. രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ കോവിഡ് കേസുകളിൽ 11 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തത്. യുഎസിലും ഫ്രാൻസിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ പ്രചരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കേസുകളുടെ എണ്ണം ഒരു സുനാമിയിലേക്ക് നയിക്കാൻ ഇടവരുത്തുമെന്നും ലോകാരോഗ്യ തലവൻ ടെഡ്രോസ് അഥനോം ഗബ്രയേസസ് പറഞ്ഞു. ഇത് തളർന്നുപോയ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ തകർച്ചയുടെ വക്കിലും കടുത്ത സമ്മർദ്ദത്തിലേക്കും വീഴ്ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം അവസാനത്തോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 40 ശതമാനം പൂർണമായി വാക്‌സിനേഷൻ നൽകണമെന്നാണ് ലോകാരോഗ്യ സംഘടന ആഗ്രഹിക്കുന്നത്. 2022-ന്റെ മധ്യത്തോടെ 70 ശതമാനം ആളുകളും വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.