ഒമിക്രോൺ; രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ലെന്ന് ദുരന്ത നിവാരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകമെന്ന് ദുരന്തനിവാരണ വകുപ്പ്. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ജില്ല കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ 31 ന് രാത്രി 10 മണിയ്ക്ക് ശേഷം പുതുവത്സരാഘോഷങ്ങൾ അനുവദിക്കില്ല.