തിരുവനന്തപുരം: മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും വേണ്ടി കറുത്ത നിറമുള്ള ഇന്നോവകൾ എത്തിച്ചു. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കറുത്ത ഇന്നോവകൾ എത്തിച്ചു നൽകിയത്. നാല് പുതിയ ഇന്നോവകളാണ് പോലീസ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്കോർട്ടുമായി പോകാനാണ് നാല് പുതിയ കാറുകൾ വാങ്ങിയത്. കാറുകൾ വാങ്ങാൻ നേരത്തെ പൊലീസിന് സ്പെഷ്യൽ ഫണ്ട് അനുവദിച്ചിരുന്നു.
കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. സെപ്റ്റംബറിൽ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു. പുതിയ കാറുകൾ എത്തുന്നതോടെ നിലവിൽ ഉപയോഗിക്കുന്നവയിൽ രണ്ട് കാറുകൾ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാൽ കാറുകൾ മാറ്റണം എന്നായിരുന്നു സർക്കാരിനോട് പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നത്.
ഈ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ കാറുകൾ വാങ്ങാൻ തീരുമാനിച്ചത്. നാല് വർഷം പഴക്കമുള്ള കെഎൽ 01 സിഡി 4764, കെഎൽ 01 സിഡി 4857 എന്നീ റജിസ്ട്രേഷൻ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകൾ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് സ്വീകരിച്ചതെന്നാണ് സൂചന.

