നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണത്തിന് അപേക്ഷ നല്‍കി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പോലീസ് തുടരന്വേഷണത്തിലേക്ക് നീങ്ങുന്നത്.

പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിലൂടെ കേസിലെ പുതിയ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്റെ അപേക്ഷയില്‍ പറയുന്നു. തുടരന്വേഷണം നടത്തേണ്ടതിനാല്‍ കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രോസിക്യൂഷന്റെ അപേക്ഷയില്‍ വിചാരണ കോടതിയുടെ തീരുമാനം കേസില്‍ ഏറെ നിര്‍ണായകമാകും. ഫെബ്രുവരിയോടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവും നിലവിലുണ്ട്.