പോലീസ് സേനയിൽ നിർണായക ചുമതലകൾ കയ്യാളാൻ ആർഎസ്എസ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുന്നുണ്ട്; വിമർശനവുമായി കോടിയേരി

പത്തനംതിട്ട: കേരളാ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസ് സേനയിൽ നിർണായക ചുമതലകൾ കയ്യാളാൻ ആർ.എസ്.എസ്. ചായ്‌വുള്ളവരുടെ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് അസോസിയേഷൻ നേതാക്കൾക്ക് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ആകാനാണ് താൽപര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.എം. പത്തനംതിട്ട സമ്മേളനത്തിലെ പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസിൽ സംഘപരിവാർ സ്വാധീനമുള്ളവർ കൂടുന്നുവെന്ന സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനത്തെയാണ് കോടിയേരിയുടെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത്.

സി.പി.ഐ. നേതാവ് ആനി രാജ കേരള പോലീസിനെ കുറിച്ച് പറഞ്ഞതിനെയും ഇത് സാധൂകരിക്കുന്നുണ്ട്. സിപിഎം അനുകൂലികളായ പോലീസുകാർക്ക് റൈറ്റർ പോലുള്ള തസ്തികകളിൽ ജോലി ചെയ്യാൻ താൽപര്യമില്ല. പേഴ്സണൽ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടം. പാർട്ടിയിൽ വിഭാഗീയത അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ മാത്രം ചാരിനിൽക്കാമെന്ന് കരുതരുത്. ചാരിനിൽക്കുന്ന മതിൽ തകർന്നാൽ താഴെ വീഴും. ജില്ലയിലെ മൂന്ന് ഏരിയാ കമ്മിറ്റികളിൽ വിഭാഗീയതയുടെ അവശിഷ്ടങ്ങളുണ്ടെന്ന പാർട്ടി സംഘടനാ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടിയേരിയുടെ പ്രസ്താവന.

ഒന്നാം പിണറായി സർക്കാരിനെയും ഇപ്പോഴത്തെ സർക്കാരിനെയും താരതമ്യപ്പെടുത്തരുത്. പിണറായിയെ കുറിച്ച് ആദ്യം പറഞ്ഞതെല്ലാം മാദ്ധ്യമങ്ങൾ പിന്നീട് തിരുത്തിയിട്ടുണ്ട്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് പാർട്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഓരോരുത്തരുടെയും ബൗദ്ധികനിലവാരവും പാർട്ടി ബോധവും അനുസരിച്ചാണ് സത്യപ്രതിജ്ഞാരീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.